അംഗൻവാടി വച്ചൊരു കുട്ടിക്കളി


കുട്ടിക്കളി കുട്ടികളോടു വേണ്ട... പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡ് പരിധിയിൽ കൊച്ചിക്കവലയിലാണ് ഗ്രാമത്തിലെ

പിഞ്ചു കുട്ടികളുടെ അക്ഷരാശ്രയമായ ഈയൊരു അംഗൻവാടി... മാസങ്ങൾക്കു മുമ്പ് ഈയൊരു അംഗൻവാടിയുടെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി , കുട്ടികളുടെ പഠനം താത്കാലികമായി കുറച്ചപ്പുറമുള്ള ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു...

വയനാട് ജില്ലാ പഞ്ചായത്തിലെ അന്നത്തെ പടിഞ്ഞാറത്തറ ഡിവിഷൻ മെമ്പറുടെ വികസന ഫണ്ടുപയോഗിച്ച് ,കുടുംബശ്രീ സ്വയം പര്യാപ്തതാധിഷ്ടിത, ഉല്പന്ന ഉല്പാദന വിപണന കേന്ദ്രവും ആ കെട്ടിടത്തിലെ താഴെ ഭാഗത്തെ ഒരു മുറി അംഗൻവാടിക്കും എന്ന ധാരണയിൽ പുതിയ കെട്ടിടം പണി തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടുണ്ട്... എന്നിട്ടും ആ പിഞ്ചു കുട്ടികൾക്കായി പുതിയ കെട്ടിടം തുറന്നു കൊടുക്കാൻ ബഹുമാന്യ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല...
അത്യാവശ്യം പണമുള്ളവന്റെ കുട്ടികൾ ഫീസും വണ്ടിക്കൂലിയും കൊടുത്ത് ഇംഗ്ലീഷ് മീഡിയം എൽ.കെ.ജിയിലേക്ക് വണ്ടി കേറിപ്പോകുമ്പോൾ ഇങ്ങനെയൊരു സാധനത്തിന്റെ ആവശ്യമേ ഉണ്ടാവുകയില്ലല്ലോ, കാരണം, ഇവിടെ പഠിക്കാനെത്തുന്ന ഇരുപതോളം കുട്ടികളിൽ സിംഹഭാഗവും വിദ്യാഭ്യാസക്കാര്യത്തിൽ ഒരു ഗതിയും പരാശ്രയവും കിട്ടാത്ത സാധാരണക്കാരായ ആദിവാസി സഹോദരങ്ങളുടെ മക്കളാണല്ലോ ??... ആര് ചോദിക്കാൻ, ആരോടു പരാതിപ്പെടാൻ ???
ഇവിടെ ഇക്കാര്യത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിസ്സഹായതയുണ്ട് എന്നറിയാൻ കഴിഞ്ഞു... കാരണം, ഈ കെട്ടിടം അനുമതിപരമായി വിട്ടു കൊടുക്കേണ്ടത് ജില്ലാ പഞ്ചായത്ത് ആണത്രേ... അവിടെ ഇതിന്റെ ഫയൽ ,മറ്റ് അന്താരാഷ്ട്ര ഫയലുകൾക്കിടയിൽ കുടുങ്ങിക്കിടപ്പാണ്... കാരണം ഈയിടെയായി അമേരിക്ക ഭരിക്കുന്നതും വയനാട് ജില്ലാ പഞ്ചായത്താണല്ലോ... നേർച്ച കഴിഞ്ഞ് തിരിച്ചു പോകുന്ന ലാഘവത്തിൽ ജില്ലാ പഞ്ചായത്ത് കാര്യങ്ങൾ ഇട്ടുരുട്ടുകയാണ്...
ഇങ്ങനെയൊരു മെച്ചപ്പെട്ട സൗകര്യം ഉണ്ടായിട്ടും കുപ്പാടിത്തറയിലെ ആദിവാസിയുടെയും തോട്ടം തൊഴിലാളിയുടെയും മക്കൾ ഒരു വാടകക്കെട്ടിടത്തിൽ പഠിക്കുന്നു എന്ന നാണക്കേടിന്, ഈ ഡിവിഷനിൽ നിന്നും ജയിച്ചു കയറിയ ജില്ലാ പഞ്ചായത്ത് മെമ്പറും, സ്റ്റാന്റിങ് കമ്മിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം അധികൃതർക്കും തുല്യമായ ഉത്തരവാദിത്തമാണുള്ളത്...
ഏത് ഡിപ്പാർട്മെന്റ് തല ചുവപ്പുനാട അഴിച്ചിട്ടായാലും, ഏത് പാണ്ടി ലോറിയുടെ അടിയിൽ കുടുങ്ങിയ ഫയൽ വലിച്ചെടുത്തിട്ടായാലും എട്ടും പൊട്ടും തിരിയാത്ത ഈ പിഞ്ചു കുട്ടികളുടെ പ്രശ്നത്തിന് എത്രയും പെട്ടെന്നുള്ള ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ജനാധിപത്യത്തിന്റെ ഭാഷയിൽ കർശനമായി ആവശ്യപ്പെടുന്നു... ഭരണത്തിലെത്തിയാൽ കടമ മറക്കുന്ന ആ ഒരു സ്ഥിരം രാഷ്ട്രീയ മഹാ രോഗം വയനാട് ജില്ലാ പഞ്ചായത്ത് അധികൃതർക്കും ബാധിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ചികിത്സിക്കപ്പെട്ടേ തീരൂ ...
First